സാമൂഹ്യ-സാംസ്കാരികചരിത്രം

പുരാതനകാലം മുതല്‍ക്കെ ഈ പ്രദേശം അറിയപ്പെട്ടിരുന്നത് കാട്ടൂര്‍ എന്ന പേരില്‍ തന്നെയാണ്. വേതക്കാട്, ചേക്കാട്, പുതുക്കാട്, താഴേക്കാട്, മണ്ണൂക്കാട്, കാരേക്കാട്, ഇല്ലിക്കാട് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നതിനാലായിരിക്കണം ഈ പ്രദേശത്തിന് കാട്ടൂര്‍ എന്ന പേരുണ്ടായത്. സവര്‍ണാധിപത്യമുള്ള ഒരു പ്രദേശമായിരുന്നു ഈ പഞ്ചായത്ത്. പഴയ കൊച്ചിരാജ്യത്തിന്റെ പടിഞ്ഞാറെ അറ്റത്ത് കനോലികനാലിനോട് ചേര്‍ന്നുകിടക്കുന്ന ഒരു ഗ്രാമമാണ് കാട്ടൂര്‍. പടിഞ്ഞാറുഭാഗത്ത് പഴയ മലബാര്‍ പ്രദേശമാണ്. ഇതിന്റെ അതിര്‍ത്തിയിലൂടെ പ്രസിദ്ധമായ കാനോലികനാല്‍ കടന്നുപോകുന്നു. പ്രധാനമായും ആരാധനാലയങ്ങളില്‍ നടക്കുന്ന ഉല്‍സവങ്ങളും, പെരുന്നാളുകളും ആണ് ജനങ്ങളുടെ സാംസ്ക്കാരികാഘോഷങ്ങള്‍. ചരിത്രപരമായ അപൂര്‍വ്വതയുള്ള പല കലാരൂപങ്ങളും ഇവിടെ അവതരിപ്പിക്കപ്പെടാറുണ്ട്. ഇതില്‍ ഏറ്റവും പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന പൊഞ്ഞനം ക്ഷേത്രത്തിലെ പൂരത്തോട് അനുബന്ധിച്ച് വിവിധ പട്ടികജാതി - പട്ടികവിഭാഗങ്ങളും മറ്റ് സമുദായങ്ങളും നടത്തുന്ന കുതിരക്കളി, ദാരികന്‍കളി, കളമെഴുത്ത്, ഐവര്‍നാടകം എന്നിവ എടുത്തുപറയേണ്ടവയാണ്. ഈ ക്ഷേത്രവുമായി ബന്ധപ്പെടുന്ന അടിസ്ഥാനജനവിഭാഗങ്ങളുടെ സാമൂഹ്യചരിത്രത്തിലേക്ക് ഈ കലാരൂപങ്ങള്‍ വെളിച്ചം വീശുന്നു. കൊച്ചി-പൊന്നാനി ജലപാതയായ കനോലികനാലിന്റെ കിഴക്കേ ഓരം ചേര്‍ന്നുകിടക്കുന്ന കാട്ടൂര്‍ ഗ്രാമം വളരെ പണ്ടുമുതല്‍ക്കേ അറിയപ്പെട്ടിരുന്ന ഒരു വ്യാപാരകേന്ദ്രമായിരുന്നു. കിഴക്കേ തീരം കൊച്ചിയും പടിഞ്ഞാറേക്കര മദ്രാസ് സംസ്ഥാനത്തില്‍പ്പെട്ട മലബാര്‍പ്രദേശവുമായിരുന്നു. അതുകൊണ്ടുതന്നെ സാധനങ്ങള്‍ പരസ്പരം കൈമാറുമ്പോള്‍ ചുങ്കവും ഏര്‍പ്പെടുത്തിയിരുന്നു. കനോലികനാലിന്റെ ഓരത്തുള്ള പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നായ കാട്ടൂര്‍ അങ്ങാടി ആദ്യകാലങ്ങളില്‍ പറയന്‍കടവിലായിരുന്നു സ്ഥിതിചെയ്തിരുന്നത്. അരി, കൊപ്ര, അടയ്ക്ക, പുകയില, കപ്പ, ഉപ്പ് എന്നിവയായിരുന്നു പ്രധാനമായും ഇവിടെനിന്നും വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. വാടാനപ്പിള്ളി മുതല്‍ മതിലകം വരെയുള്ള തീരദേശവാസികളും, എടത്തിരിത്തി, കാറളം, ചിറക്കല്‍ തുടങ്ങിയ അയല്‍ പ്രദേശങ്ങളിലുള്ളവരും ആശ്രയിച്ചിരുന്നത് കാട്ടൂര്‍ അങ്ങാടിയെയായിരുന്നു.

ബോട്ടുജെട്ടി പറയന്‍കടവില്‍ നിന്നും വടക്കു മാറിയിട്ടായിരുന്നങ്കിലും, കെട്ടുവള്ളങ്ങളും, ബോട്ടുകളും അടുപ്പിക്കുന്നതിന് പ്രത്യേക സൌകര്യങ്ങള്‍ പറയന്‍കടവില്‍ ഉണ്ടായിരുന്നു. കാലക്രമത്തില്‍ ബോട്ടുജെട്ടിക്കു സമീപത്തായി താഴേക്കാട്ടു തറവാട്ടുകാര്‍ അങ്ങാടിക്കു വേണ്ട സ്ഥലം കൊടുത്തതോടെ പറയന്‍കടവില്‍ നിന്ന് വ്യാപാരകേന്ദ്രം താഴേക്കാട്ടങ്ങാടി എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ സ്ഥലത്തേക്ക് മാറുകയുണ്ടായി. ഇവിടെയും പ്രധാനവ്യാപാരങ്ങള്‍ കപ്പ, അരി, ഉപ്പ്, ഉണക്കമീന്‍ എന്നിവയായിരുന്നു. ഇതില്‍ പല വസ്തുക്കളും മലബാര്‍ അതിര്‍ത്തിയിലേക്ക് കടത്തികൊണ്ടുപോകുന്നതിന് അനുവാദം ഇല്ലാതിരുന്നതിനാല്‍ കച്ചവടക്കാര്‍ രാത്രികാലങ്ങളില്‍ ഒളിച്ചുകടത്തുകയാണ് ചെയ്തിരുന്നത്. വളരെ വിപുലവും പ്രശസ്തിയുള്ളതുമായ ചന്ത ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നതുകൊണ്ടുതന്നെ ഇവിടെ ചെറുകിട, കുടില്‍ വ്യവസായങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഗൃഹോപകരണങ്ങളും, കാര്‍ഷികമേഖലയില്‍ പണി ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങളും മറ്റും നിര്‍മ്മിയ്ക്കുകയും, വിപണനം നടത്തുകയും ചെയ്തിരുന്ന എന്‍ജിനീയറിംഗ് വര്‍ക്ക് ഷാപ്പുകളും മറ്റും ഇവിടെ ഉണ്ടായിരുന്നുവെന്നത് ഈ ഗ്രാമത്തിന്റെ സവിശേഷതയായിരുന്നു. ഇതിനെല്ലാം പ്രധാനകാരണം ഇവിടെയുണ്ടായിരുന്ന പ്രശസ്തമായ വാണിജ്യകേന്ദ്രവും ജലഗതാഗതമാര്‍ഗ്ഗവും ആയിരുന്നു. ക്ഷേത്രപ്രവേശനവിളംബരത്തോടനുബന്ധിച്ച് എടത്തിരുത്തി അയ്യപ്പന്‍ കാവ് ക്ഷേത്രത്തില്‍ അയിത്തജാതിക്കാര്‍ക്ക് പ്രവേശനം ലഭിച്ചെങ്കിലും പൊഞ്ഞനംക്ഷേത്രത്തില്‍ അതുണ്ടായില്ല. രാജഭരണത്തിന്‍കീഴില്‍ സവര്‍ണ്ണസമുദായങ്ങള്‍ മാത്രം നിയമംമൂലം സംരക്ഷണം നല്‍കി 10-നും 11-നും നടത്തിയിരുന്ന അടിയന്തരം അക്കാലത്ത് ഹരിജനവിഭാഗങ്ങള്‍ക്കും, ഈഴവസമുദായങ്ങള്‍ക്കും അനുവദനീയമായിരുന്നില്ല. അവിഭക്ത കാട്ടൂര്‍ പഞ്ചായത്തിലെ താണിശ്ശേരിയില്‍ ഒരു പ്രബല ഈഴവകുടുംബാംഗമായ മേനാത്ത് അയ്പ്പുണ്ണിയുടെ പിതാവു മരണപ്പെട്ടപ്പോള്‍ ബന്ധുക്കള്‍ സവര്‍ണ്ണര്‍ നടത്തുന്നതുപോലെ അടിയന്തരങ്ങള്‍ നടത്തുവാന്‍ നിശ്ചയിച്ചു. ഇതിനു കാര്‍മികത്വം വഹിച്ചത് ശ്രീബോധനന്ദസ്വാമികളായിരുന്നു. സവര്‍ണ്ണര്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഈ കര്‍മ്മം ഈഴവര്‍ നടത്തുന്നത് തടയുവാന്‍ അന്ന് സവര്‍ണ്ണമേധാവികളുടെ പിന്‍ബലത്തില്‍ നടന്ന ഒരു ശ്രമമാണ് താണിശ്ശേരിയിലെ കലാപത്തില്‍ അവസാനിച്ചത്. നായര്‍ സമുദായത്തില്‍പ്പെട്ട ഒട്ടേറെ ആളുകള്‍ മാരകായുധങ്ങളുമായി താണിശ്ശേരി മേനാത്ത് വീട്ടിലേക്ക് മാര്‍ച്ച് ചെയ്തു ചടങ്ങ് സംഘടിപ്പിച്ചവരെ പിടിച്ച് ജയിലിലിട്ടു. പലര്‍ക്കും പരിക്കുപറ്റി. പില്‍ക്കാലത്ത് താണിശ്ശേരി കലാപം എന്നറിയപ്പെട്ട ഈ ചരിത്ര സംഭവം ജാതീയതയ്ക്കെതിരെ നടന്ന സംഭവബഹുലമായ ഒരു വിപ്ലവമായിരുന്നു. ഈഴവ സമുദായത്തിലെ അനാചാരങ്ങളായ കാതുകുത്ത് കല്ല്യാണം, തിരണ്ടുകല്ല്യാണം, പുലയടിയന്തരം എന്നിവകള്‍ക്കെതിരെ ശ്രീനാരായണ ഗുരുസ്വാമികളുടെ വചനങ്ങള്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഗ്രാമീണജനത ആ വചനങ്ങളെ സഹര്‍ഷം സ്വാഗതം ചെയ്തതോടെ ജാതീയതക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് പിന്നോക്കസമുദായസംഘടനകളും ആ കാലത്തു കാട്ടൂരില്‍ ജന്മമെടുത്തു. കൊച്ചിന്‍ സര്‍ക്കാരിന്റെ കീഴില്‍ ആരംഭിച്ച കാട്ടൂരിലെ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ അധികാരപരിധി കാട്ടൂര്‍, കാറളം, കീഴുപ്പിള്ളിക്കര, കുറുമ്പിലാവ്, എടത്തിരിത്തി എന്നീ വില്ലേജുകളാണ്. 1945-ല്‍ ഒരു ലൈവു സ്റ്റോക്ക് അസിസ്റ്റന്റിന്റെ സേവനത്തോടെ ആരംഭിച്ച മൃഗാശുപത്രി സമീപപഞ്ചായത്തുകളിലെകൂടി മൃഗചികിത്സയ്ക്കുളള ഏക സ്ഥാപനമായിരുന്നു. കാട്ടൂര്‍ പഞ്ചായത്തില്‍ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പിടിച്ചെടുത്ത് സംരക്ഷിക്കുവാനുള്ള പൌണ്ടുകള്‍ അക്കാലത്ത് അവിസ്മരണീയമായ സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. കൊച്ചിന്‍ സര്‍ക്കാരിന്റെ കാലത്താരംഭിച്ച പാര്‍വ്വത്യക്കാരന്‍ ഓഫീസാണ് പില്‍ക്കാലത്ത് വില്ലേജോഫീസായി മാറിയത്. പാര്‍വ്വത്യകാരന്‍ ഇന്ന് വില്ലേജോഫീസറായി അറിയപ്പെടുന്നു. ഈ ഗ്രാമത്തിന്റെ രോഗപ്രതിരോധ - ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിതനായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഈ ഓഫീസിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 1950-ല്‍ റോമന്‍ കത്തോലിക്കാപള്ളിവക വാടകകെട്ടിടത്തിലാണ് കാട്ടൂര്‍ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിതമായത്. അന്നു ഈ സ്ഥാപനം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്റെ കീഴിലായിരുന്നു. കൊച്ചിന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രശസ്തമായ ആതുരാലയങ്ങളില്‍ ഒന്നായിരുന്നു കാട്ടൂര്‍ ഗവ.ഡിസ്പെന്‍സറി. 1988-ലാണ് കാട്ടൂരില്‍ കൃഷിഭവന്‍ ആരംഭിക്കുന്നത്. കൊച്ചിന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഒരു അഞ്ചല്‍ ഓഫീസ് പണ്ട് കാട്ടൂരിലുണ്ടായിരുന്നു. അഞ്ചല്‍ ഓഫീസുകള്‍ പോസ്റ്റോഫീസ്സുകളായി മാറിയപ്പോള്‍ കാട്ടൂര്‍ ഗവ.ഹൈസ്ക്കൂളിന്റെ പരിസരത്തായി ഒരു വാടകകെട്ടിടത്തിലാണ് പോസ്റ്റോഫീസ് ആരംഭിച്ചത്. പണ്ട് ഈ പോസ്റ്റോഫീസായിരുന്നു അയല്‍ പ്രദേശത്തുകാര്‍ക്ക് കൂടിയുള്ള ഏക കമ്പി ഓഫീസ്. കാട്ടൂര്‍ പഞ്ചായത്ത് വിഭജിക്കപ്പെട്ടപ്പോള്‍ ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളില്‍ മാറ്റം വന്നു. കാട്ടൂര്‍ പൊഞ്ഞനം പ്രദേശത്ത് വാടകകെട്ടിടത്തിലാരംഭിച്ച കാട്ടൂര്‍ പഞ്ചായത്തോഫീസ് പിന്നീട് 1937-ല്‍ കൊച്ചിന്‍ സര്‍ക്കാര്‍ സ്ഥാപിച്ച കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. കാട്ടൂരിലെ മിനി സിവില്‍സ്റ്റേഷന്‍ എന്നറിയപ്പെടുന്ന ഈ കെട്ടിടത്തിലാണ് ഇന്ന് പഞ്ചായത്താഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, വില്ലേജാഫീസ്, മൃഗാശുപത്രി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്നത്. വളരെ പണ്ടുമുതല്‍തന്ന കാട്ടൂര്‍ പഞ്ചായത്തില്‍ ഗണ്യമായ തോതില്‍ നെല്‍കൃഷി ഉണ്ടായിരുന്നു. കൃഷിഭൂമിയില്‍ ഭൂരിഭാഗവും പാട്ടഭൂമികളായിരുന്നു. പഴയ ഒട്ടേറെ നെല്‍പ്പാടങ്ങള്‍ പറമ്പുകളായി. കനോലികനാലിന്റെ തീരം, പട്ടരുടെ പാടം, നരിക്കുഴി പാടം, അങ്ങാടിപ്പാടം, പറയന്‍കടവ് പാടം, പുതുക്കാട്, ചേക്കാട്, വലക്കഴപാടം, പൊട്ടക്കടവ് പാലം എന്നിവ പൂര്‍ണ്ണമായും മറ്റു പാടശേഖരങ്ങള്‍ ഭാഗികമായും പറമ്പുകളായി. ഇന്ന് ധാരാളം വീടുകളും, വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും ഈ ഗ്രാമത്തില്‍ ഉയര്‍ന്നിരിക്കുന്നു.

വെണ്ണാനിപ്പാടം, പര്യേപ്പാടം, അകമ്പാടം, പുറമ്പാടം, മുനയം, തണ്ണിച്ചിറ, പൊഞ്ഞനം പാടശേഖരങ്ങള്‍, കാട്ടൂര്‍ തെക്കുംപാടം, വാടച്ചിറപ്പാടം എന്നിവയാണ് കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന നെല്ലുല്‍പ്പാദനമേഖലകള്‍. കാട്ടൂര്‍ പഞ്ചായത്തില്‍ ഭൂരിഭാഗവും തെങ്ങുകൃഷിയാണ്. തെങ്ങില്ലാത്ത ഒരു പുരയിടംപോലും ഇവിടെയില്ല. കാട്ടൂര്‍ പഞ്ചായത്തില്‍ ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യബന്ധനം മാത്രമാണുള്ളത്. ആദ്യകാലം മുതല്‍ തന്നെ ഈ മേഖലകളിലെ തൊഴിലാളി സംഘടനകള്‍ സ്വാതന്ത്ര്യസമര രംഗങ്ങളില്‍ ബന്ധപ്പെട്ടിരുന്നു. എസ്.എന്‍.ഡി.പി യുടെ നേതൃത്വത്തില്‍ ശ്രീഅമേയകകുമാരേശ്വരക്ഷേത്രം സ്ഥാപിച്ചതും അവിടെ നിന്ന് സാമൂഹ്യനവോത്ഥാനത്തിന്റെ വെളിച്ചം ഗ്രാമമാകെ പരന്നതും ചരിത്രമാണ്. വിദ്യാഭ്യാസ-ആരോഗ്യരംഗത്ത് ക്രിസ്ത്യന്‍ സമുദായവും, കാട്ടൂര്‍ ഗവ.ഹൈസ്ക്കൂളിരിക്കുന്ന സ്ഥലം സൌജന്യമായി നല്‍കിയതുള്‍പ്പെടെ മുസ്ലീം സമുദായം ചെയ്ത സേവനങ്ങളും നിസ്തുലമാണ്.